Tuesday, November 3, 2009

പൂവുംതേടി

ഓണപ്പൂ തേടിവരും ഓമല്‍കുരുവീ

ഓണനാളില്‍‌ പൂവിറുക്കാന്‍‌ കൂടെവരാമോ

പൂവാടി തേടിവരും തേന്‍‌വണ്ടുപോല്‍‌

മൂളിപ്പാടി പൂവിറുക്കാന്‍‌ കൂടെവരാമോ



കൂടുതേടും കുരുവിയും കൂട്ടില്ലാ പറവയും

പാറിനിന്ന കാവുകളില്‍‌ പൂവുകള്‍‌ തേടാം

വയലോരം തിങ്ങിനിന്നു തലയാട്ടും തുമ്പകളെ

കൈതോല വട്ടികളില്‍‌ കൂടെ കൂട്ടാം



ചാഞ്ഞുറങ്ങും കതിരുകള്‍‌ മൂടിനില്‍‌ക്കും കാക്കപ്പൂ

വാടാതെയിറുത്തെടുത്ത് വട്ടിയിലാക്കാം

മൂവാണ്ടനെ ചുറ്റിനിന്ന മുല്ലയുടെയരികത്ത്

മുക്കുറ്റിയും ചേമന്തിയും കാത്തിരിപ്പുണ്ട്



മൈനതുള്ളും വേലികളില്‍‌ ചിരിതൂകുമരിപ്പൂക്കള്‍‌

അരളിതന്‍‌ ചാരെനിന്നു നുള്ളിയെടുക്കാം

മല്ലിപ്പൂ തേടും ചെറു തുമ്പിയുടെ താളത്തില്‍‌

ആടിപ്പാടി പൂവിറുക്കാന്‍‌ കൂടെവരാമോ



(എന്റെ ഈ കവിത ബഹ്‌റിനില്‍‌ നിന്നും പ്രസിദ്ദീകരിക്കുന്ന

പ്രമോഷന്‍‌ വാരികയുടെ 2009സപ്തംബര്‍‌ ലക്കം ഓണപ്പതിപ്പില്‍‌ പ്രസിദ്ദീകരിച്ചതാണ് )

2 comments:

സാബിബാവ said...

onathe onnukudi orthu poyi
kunju balyam onapoovirukkan poya kalam ormayil theliyunnu

old malayalam songs said...

നല്ല വായന സുഖമുള്ള വരികള്‍ ....

ആശംസകള്‍ ....