Saturday, March 5, 2011

ജീവിത യാത്ര

റെയിൽവേ സ്റ്റേഷനിൽ വണ്ടി വന്നു നിന്നിട്ടും
 ഇറങ്ങണോ വേണ്ടയോ എന്നുള്ള സംശയത്തിലായിരുന്നു അയാൾ. ഇറങ്ങുന്നവർക്കും കയറുന്നവർക്കും ഇടം നൽകിക്കൊണ്ട്‌ വാതിൽക്കൽ തന്നെ അയാൾ ഒതുങ്ങി നിന്നു.വണ്ടി പുറപ്പെടാനുള്ള മണി മുഴങ്ങിയപ്പോൾ പ്ലാറ്റ്ഫോമിലേക്ക്‌ ഇറങ്ങി പതിയെ നടന്ന്‌ തൊട്ടടുത്ത സിമന്റ്‌ ബഞ്ചിലിരുന്നു.
 സ്റ്റേഷന്‌ വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല, എന്നാൽ പുതിയ റെയിൽവേ ട്രാക്കുകൾ വന്നിട്ടുണ്ട്‌.പ്ലാറ്റ്ഫോമിലെ തിരക്ക്‌ കുറഞ്ഞിരിക്കുന്നു.
തന്നെയും വഹിച്ചുകണ്ടുവന്ന ട്രയിൻ സൈറൺ
മുഴക്കിക്കൊണ്ട്‌ യാത്രയാകുന്നതും നോക്കി അയാളിരുന്നു.
   മുൻപിലൂടെ കടന്നു പോകുന്നവരെയൊന്നും ശ്രദ്ധിക്കാൻ
പോയില്ല. അവരാരും തന്നെ അയാളെയും ശ്രദ്ധിച്ചില്ല. ആരും
തന്നെ തിരിച്ചറിയുന്നില്ലല്ലോ എന്നോർത്ത്‌ അയാളും സമാധാനിച്ചു.
   അല്ലേലും ഈ കോലത്തിൽ അയാളെ ആരു തിരിച്ചറിയാൻ.
ഇസ്തിരിയിട്ട ഷർട്ടും മുണ്ടും നേർത്ത മീശയും ചീകിയൊതുക്കിയ മുടിയുമുള്ള സുമുഖനായ യുവാവിൽ നിന്നും അയാളൊരുപാട്‌  മാറിപ്പോയിരിക്കുന്നു.നീണ്ട മുപ്പതു വർഷം അയാളെ ഒരുപാട്‌ മാറ്റിയിരിക്കുന്നു.
   സ്റ്റേഷൻ ഏതാണ്ട്‌ കാലിയായിരിക്കുന്നു.അയാൾ പുറത്തേക്ക്‌ നടന്നു.തേയ്മാനം സംഭവിച്ച വള്ളിച്ചെരുപ്പ്‌ ചരൽക്കല്ലിൽ ചവിട്ടുമ്പോൾ ആണി കയറിയ കാല്‌ ഇത്തിരി മുടന്തുന്നുണ്ടായിരുന്നു.
സ്റ്റേഷന്‌ പിറകിലെത്തിയപ്പോൾ അയാൾ ചുറ്റിലും കണ്ണോടിച്ചു. ചവോക്ക്‌ മരങ്ങൾ നിറഞ്ഞ ഈ പ്രദേശം ഇന്ന്‌ ആകെ മാറിയിരിക്കുന്നു. മരങ്ങളെല്ലാം വെട്ടിത്തെളിച്ച്‌‌ റെയിൽവേയുടെ സാമഗ്രികൾ അവിടവിടെയായി കൂട്ടിയിട്ടിരിക്കുന്നു.ഒഴിവുള്ള സ്ഥലങ്ങൾ കുട്ടികൾ കയ്യേറി കളിക്കളമാക്കിയിരിക്കുന്നു.മൈതാനത്തിന്റെ വശത്തു
കൂടി പോകുന്ന റോഡ്‌ ടാർ ചെയ്തിട്ടുണ്ട്‌.
   ഒരുകാലത്ത്‌ അയാളുടേയും കൂട്ടുകാരുടേയും ഒത്തുചേരലുകൾ ചവോക്ക്‌ മരങ്ങൾ നിറഞ്ഞ റെയിൽവേയുടെ ഈ പുറമ്പോക്കിലായിരുന്നു.പ്രീഡിഗ്രിക്ക്‌ പഠിക്കുന്ന സമയത്താണ്‌ ഇവിടുത്തെ ഒത്തുചേരലുകൾക്ക്‌ തുടക്കം കുറിച്ചത്‌.കോളേജ്‌ അവധി ദിനങ്ങളിലെ
ചർച്ചകളിലധികവും സിനിമയും രാഷ്ട്രീയവും പിന്നെ നാട്ടിലെ വിശേഷങ്ങളുമായിരുന്നു.
   മുതിർന്ന ക്ലാസ്സിൽ പഠിക്കുന്നവരും പഠിത്തം കഴിഞ്ഞവരും
സംഘത്തിൽ ചേർന്നതോടുകൂടി രാഷ്ട്രീയ ചർച്ചകളുടെ ദൈർഘ്യവും ഏറിവന്നു. പലപ്പോഴും രാത്രി വൈകുന്നതുവരെ ചർച്ചകളും രാഷ്ട്രീയ പഠന ക്ലാസ്സുകളുമുണ്ടായി.പഠിപ്പിൽ ശ്രദ്ധ കുറയുന്നുണ്ടെന്ന പരാതിയേ അമ്മയ്ക്കു പറയാനുണ്ടായിരുന്നുള്ളൂ.
   ഡിഗ്രിക്ക്‌ പഠിക്കുന്ന കാലത്താണ്‌ മയക്കുമരുന്നിന്റെ ഉപയോഗം തുടങ്ങിയത്‌.
അതും ചവോക്ക്‌ മരക്കൂട്ടത്തിന്റെ സംഭാവനയായിരുന്നു.പിന്നീടത്‌ മദ്യത്തിലേക്കും
നീണ്ടപ്പോൾ പഠനം പൂർത്തിയാക്കാനാവാതെ പാതിവഴിയിൽ നിർത്തേണ്ടിവന്നു.
    അച്ഛൻ നടത്തിയിരുന്ന ചായക്കടയുടെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവന്നപ്പോൾ, ഇനി തോന്ന്യാസങ്ങൾക്ക്‌ ഒരറുതി വരുമെന്ന്‌ എല്ലാവരും കരുതിയിരിക്കണം.എന്നാൽ കൂട്ടുകാരെല്ലാവരും രാത്രിയിൽ കടയിൽ
ഒത്തുചേർന്ന്‌ മദ്യസേവ തുടങ്ങിയപ്പോൽ വരുമാനത്തിൽ കുറവു വന്നു തുടങ്ങീന്നു മാത്രമല്ല കൊള്ളരുതാത്തവനുമായി.
   കുടുംബക്കാരെല്ലാവരും ഒത്തുചേർന്നെടുത്ത തീരുമാനമായിരുന്നു പെണ്ണുകെട്ടിക്കാൻ.
ഒരു പെണ്ണ്‌ കൂട്ടിനു വന്നാൽ അവൻ നന്നാവും, എല്ലാവരും പറഞ്ഞു.അധികം ആർഭാടമൊന്നുമില്ലാതെയായിരുന്നു ചടങ്ങുകൾ.ദേവു !! അവളുടെ വരവോടെയാണ്‌ അയാൾ തീർത്തും പുതിയൊരു ആളായി മാറിയത്‌.
   കടയിൽ സഹായത്തിന്‌ അവളുമുണ്ടാകും, പിന്നെ കടയടച്ച്‌
ഒന്നിച്ച്‌ വീട്ടിലേക്ക്‌.അവൾ കടയിലുള്ളതു കാരണം കമ്പനി
കൂടാൻ കൂട്ടുകാർ വരാതെയായി.മദ്യവും മയക്കുമരുന്നും അയാളുപേക്ഷിച്ചു.
എല്ലാവരും സന്തോഷിച്ചു.ദേവുവിന്റെ മിടുക്കാണെന്ന്‌ എല്ലാവരും പറഞ്ഞു നടന്നു.
   മകനുണ്ടായതിനു ശേഷം ദേവുവിന്‌ പഴയതു പോലെ കടയിൽ വന്നു സഹായിക്കാൻ പറ്റിയിരുന്നില്ല.എങ്കിലും നേരത്തെ വീടണയാൻ അയാൾ
ശ്രദ്ധിച്ചിരുന്നു. മകന്റെ പിറന്നാൾ കൊണ്ടാടാൻ തീരുമാനിച്ചപ്പോൾ കൂട്ടുകാർക്കെല്ലാം
മദ്യം വേണമെന്നായി.ദേവുവിനെ ഒരുവിധത്തിൽ പറഞ്ഞു സമ്മതിപ്പിച്ചു.
  രാത്രി ഏറെ വൈകുന്നതുവരെ അവരോടൊപ്പമിരുന്ന്‌ മദ്യപിച്ചു.ആരോ നീട്ടിയ കഞ്ചാവു ബീഡി വാങ്ങി വലിച്ചപ്പോൾ കൂടുതൽ ഉന്മാദത്തിലായി.യാത്ര പറഞ്ഞു പിരിയുമ്പോൾ കാലുകൾ നിലത്തുറയ്ക്കുന്നുണ്ടായിരുന്നില്ല.
   വീട്ടിൽ വിളക്കണച്ചിട്ടില്ല, ഉമ്മറത്തെ വാതിലുകൾ ചാരിയിട്ടേയുള്ളൂ.അച്ഛനും അമ്മയും അനുജനും ഉറങ്ങാൻ പോയിരിക്കുന്നു. ഒച്ചയൊന്നും ഉണ്ടാക്കാതെ മുറിയിലേക്ക്‌ കടന്നു.കണ്ണുകളിൽ ഇരുട്ട്‌ കയറുന്നുണ്ട്‌, കട്ടിലിൽ മകനു അരികത്തായി ദേവു കിടക്കുന്നു.അയാൾ അവൾക്കരികിലിരുന്നു,അവളെ കെട്ടിപ്പിടിച്ചു കൊണ്ട്‌ തെരു തെരെ ഉമ്മവച്ചു.
പെട്ടന്നാണാ അലർച്ചയുണ്ടായത്‌.അയാളെ തള്ളിമാറ്റിക്കൊണ്ട്‌
അവൾ അലറിക്കരഞ്ഞു.ഒച്ച കേട്ട്‌ ഓടിയെത്തിയ അച്ഛനും അമ്മയും അനുജനും പകച്ചു നിൽക്കുമ്പോൾ അവൾ കരഞ്ഞുകൊണ്ട്‌ പറഞ്ഞു,
ചേട്ടൻ എന്നെ....
പറഞ്ഞു തീരും മുൻപെ അച്ഛന്റെ കൈ കവിളിൽ പതിച്ചു.കണ്ണു തുറന്നു നോക്കുമ്പോൾ തീ പാറുന്ന കണ്ണുകളുമായി മുൻപിൽ ദേവു. അവളോടു ചേർന്നു നിന്ന്‌ ഏങ്ങിക്കരയുന്ന അവളുടെ അനുജത്തി മായ.
അപ്പോൾ, ദേവുവാണെന്നു കരുതി മായയെ ആണോ കെട്ടിപ്പിടിച്ചത്‌.മകന്റെ പിറന്നാളിനു വന്ന ഇവൾ തിരിച്ചു പോയിരുന്നില്ലേ.. ഈശ്വരാ....
   ഒന്നും പറയാനാവാതെ തരിച്ചു നിൽക്കുമ്പോൾ ദേവു തലയ്ക്കടിച്ച്‌ കരയാനും പറയാനും തുടങ്ങി. "അമ്മയേയും പെങ്ങളേയും തിരിച്ചറിയാത്തവനായിപ്പോയല്ലോ ദൈവമേ എന്റെ ഭർത്താവ്‌".
   അച്ഛനും അമ്മയും അനുജനും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഒന്നും പറയാൻ പറ്റാത്ത അവസ്ഥയിൽ നിൽക്കുമ്പോഴാണ്‌ വായിൽ തോന്നിയതൊക്കെ പറഞ്ഞു കൊണ്ട്‌ അച്ഛൻ പുറത്തേക്ക്‌ പിടിച്ചു തള്ളിയത്‌.
   അനുജനും പറഞ്ഞു എങ്ങോട്ടെങ്കിലും പോയ്ക്കൊള്ളാൻ.അച്ഛൻ തീർത്തു പറഞ്ഞു ഇനി കണ്ടു പോകരുതെന്ന്‌.ദേവു പറഞ്ഞു കൊണ്ടേയിരുന്നു അവൾക്കിനി കണേണ്ടെന്ന്‌.അമ്മ കരഞ്ഞു കൊണ്ട്‌ ഒരു മൂലയിലിരിക്കുന്നു.
   പിന്നീടവിടെ നിൽക്കണമെന്ന്‌ തോന്നിയില്ല. എങ്ങിനെയെങ്കിലും അവിടുന്ന്‌ രക്ഷപ്പെടണം. എങ്ങോട്ടെന്നില്ലാത്ത യാത്ര എത്തിച്ചത്‌ റെയിൽവേ സ്റ്റേഷനിലാണ്‌. പിന്നീടങ്ങോട്ട്‌ യാത്ര തന്നെയായിരുന്നു. നീണ്ട മുപ്പതു വർഷത്തെ അലച്ചിലിനു ശേഷം സ്വന്തം നാട്ടിൽ തിരിച്ചെത്തിയിരിക്കുന്നു.
  താടിയും മുടിയും നീട്ടി മുഷിഞ്ഞ വേഷവുമായി കണ്ടാലൊരു യാചകനെപ്പോലെയുള്ള അയാൾ നടന്ന്‌ വീട്ടുമുറ്റത്ത്‌ എത്തിയപ്പോഴാണ്‌ ഓർമ്മകളിൽ നിന്നും ഉണർന്നത്‌.
ഉമ്മറത്ത്‌ ആരുമില്ല, ചുവരിൽ അച്ഛന്റെയും അമ്മയുടേയും വലിയ ഫോട്ടോ തൂക്കിയിരിക്കുന്നു. മരിക്കുന്നതിനു മുൻപ്‌ ഒരിക്കലെങ്കിലും മകനെ കാണാൻ അവർ ആഗ്രഹിച്ചിട്ടുണ്ടാകുമോ? അയാൾ ആ ഫോട്ടോയിൽ തന്നെ നോക്കി നിന്നു.
ആരാണത്‌ ? എന്താ വേണ്ടത്‌ ?
അകത്തു നിന്നും ചെറിയ കുഞ്ഞിനേയുമെടുത്ത്‌ പുറത്തേക്ക്‌ വന്ന ആളിനെ സൂക്ഷിച്ചു നോക്കി
അനുജൻ....
കശണ്ടി കയറിയിട്ടുണ്ടെങ്കിലും ശരീരത്തിന്‌ ക്ഷീണമൊന്നും സംഭവിച്ചിട്ടില്ല.കുഞ്ഞിനെ മാറോട്‌ ചേർത്തിട്ട്‌ അകത്തേക്ക്‌ നോക്കി വിളിച്ചു പറഞ്ഞു.
ദേവൂ... ഉമ്മറത്തിതേ ഒരാൾ... എന്തെങ്കിലും കൊടുത്ത്‌ പറഞ്ഞു വിടൂ..
അവനു മനസ്സിലായിട്ടില്ല. വേണ്ട പരിചയപ്പെടുത്തണ്ട. ദേവു
വരട്ടെ... അവളെങ്ങിനെ പ്രതികരിക്കുന്നു എന്നു നോക്കാം.
പക്ഷെ ഏടത്തി എന്നതിനു പകരം അവൻ ദേവൂ എന്നാണല്ലോ വിളിച്ചത്‌ !!! ഇനിയിപ്പോ ദേവു....... വേണ്ട...... വേണ്ടാത്ത ചിന്തകളൊന്നും വേണ്ട.
   കുഞ്ഞ്‌ അനുജന്റെ കയ്യിലിരുന്ന്‌ കളിക്കുന്നു.ഒരു വയസ്സുള്ളപ്പോൾ പിരിഞ്ഞ മകന്റെ അതേ രൂപം.ഒരു പക്ഷെ മകന്റെ കുഞ്ഞായിരിക്കുമോ !!
  പുറത്തേക്ക്‌ വന്ന യുവാവിനെ സൂക്ഷിച്ചു നോക്കി, അതെ  മകൻ വളർന്ന്‌ വലിയ ആളായിരിക്കുന്നു.കൂടെ വന്ന യുവതി ഭാര്യയായിരിക്കും.അനുജന്റെ കയ്യിൽ നിന്നും കുഞ്ഞിനേയും വാങ്ങി അവിടെയുള്ള ബൈക്കിൽ കയറി പെറപ്പെടാൻ നേരമാണ്‌ ഉള്ളിൽ നിന്നും ദേവു പുറത്തേക്ക്‌ വന്നത്‌. അയാളുടെ ദേവു... നരകയറിയിട്ടുണ്ടെങ്കിലും മുഖത്തെ പ്രസാദം വറ്റിയിട്ടില്ല.അയാൾ പ്രതീക്ഷയോടെ അവളെത്തന്നെ നോക്കി നിന്നു.
   അച്ഛാ.. ഞങ്ങൾ ഇറങ്ങുകയാണ്‌, അമ്മേ നാളെ വൈകീട്ടേ ഞങ്ങൾ മടങ്ങുകയുള്ളൂ. മകന്റെ ഭാര്യയാണത്‌ പറഞ്ഞത്‌.
അവർ വിളിച്ചത്‌ അച്ഛാ... അമ്മേ... എന്ന്‌, അപ്പോൾ ദേവു അനുജന്റെ ഭാര്യയായോ !!! ദൈവമേ ഇതൊന്നും കാണുകയും കേൾക്കുകയും വേണ്ടായിരുന്നു. വരേണ്ടിയിരുന്നില്ല.
അപ്പോഴേക്കും ദേവു രണ്ടു രൂപ നാണയത്തുട്ട്‌ അയാളുടെ കയ്യിലേക്ക്‌ ഇട്ടുകൊടുത്തു.അയാൾ അവളുടെ കണ്ണുകളിലേയ്ക്ക്‌ ദയനീയമായി നോക്കി.
  ദേവുവിന്റെ കണ്ണുകൾക്ക്‌ തിളക്കം കൂടിയോ !! അവളുടെ കണ്ണുകളിൽ നനവൂറുന്നുണ്ടോ !! അതോ തോന്നിയതാണോ !!
  എന്താ ? ഇനിയെന്താണു വേണ്ടത്‌ ?
ദേവുവിന്റെ ചോദ്യം കേട്ട്‌ അയളൊന്നു പരുങ്ങി, പിന്നെ വാക്കുകൾ മുറിഞ്ഞു വീണു.
 " കുടിക്കാനിത്തിരി വെള്ളം "
 കാര്യങ്ങളൊക്കെ അയാൾക്കു മനസ്സിലായി. ഇനിയെന്ത്‌ ? താനാരാണെന്നു വെളിപ്പെടുത്തിയാലോ !! വേണ്ട.... ഒന്നും വേണ്ട.... അവൾ സുഖമായിട്ടു കഴിയട്ടെ
  വെള്ളവുമായി വന്ന ദേവുവിന്റെ മുഖത്ത്‌ യാതൊരു ഭാവ വ്യത്യാസവും കണ്ടില്ല.വെള്ളം വാങ്ങി കുടിച്ച്‌ മൊന്ത തിരിച്ചേൽപിച്ച്‌ നടക്കാൻ തുടങ്ങുമ്പോൾ ദേവുവിന്റെ വിളി, നിൽക്കൂ.... ഇതാ... ഇതു കൂടി എടുത്തോളൂ.കയ്യിലേക്ക്‌ ഇട്ടു കൊടുത്ത കടലാസു പൊതിയിലേക്ക്‌ അയാൾ തുറിച്ചു നോക്കി. ദേവു തിരിഞ്ഞു നടന്നു കഴിഞ്ഞു. ഉമ്മറത്തും ആരെയും കാണുന്നില്ല.അകത്തു കടന്ന ദേവു ഉമ്മറത്തെ വാതിൽ കൊട്ടിയടച്ചു.
   തിരിച്ചു നടക്കുന്നതിനിടയിൽ അയാളാ കടലാസു പൊതി അഴിച്ചു നോക്കി. താലിമാല !!!! താൻ ദേവുവിന്റെ കഴുത്തിലണിയിച്ച താലിമാല...
  കയ്യിലിരുന്ന താലിമാല ചുട്ടുപൊള്ളുന്നതു പോലെ അയാൾക്കു തോന്നി.ശരീരത്തിനും ചൂടേറുന്നത്‌ അയാളറിഞ്ഞു.അവിടുന്ന്‌ ഓടി രക്ഷപ്പെടാൻ അയാളാഗ്രഹിച്ചു.നടത്തം തുടങ്ങി, നടത്തത്തിനു വേഗത ഏറിയേറീ വന്നു. യാത്ര... എങ്ങോട്ടെന്നില്ലാത്ത യാത്ര...
        

6 comments:

pva said...

Good story. I think it is little bit extreme. Expecting more from you. Jeevithathinte gandamulla kureyere rachanakal thankalude thoolikayil none Namikku Aaswadikkan kazhiyum ennu pratheekshikkunnu- Sathish Mudalayil

SHEEJA said...

Um... Nannayittund.. kadha .. ennalum kurach aswabhavikathayund.. bcz ethra varshangal kazhinjalum his brother can identify him..anywayzzzz nannayittund.. Pradiyettande kavithayekalum nalla maturity und Kadhakalk... Very good initiative dear...bhaviyund..ma be in right track soon...he he..just wait and seee..

aleyzebeth said...

Kadha Nannayittundu. Ithinanu paraunnathu "MADHYAM VISHAMANU UNNI
VELLAMALLO SUGAM.

അക്കേട്ടന്‍ said...

ആശയവും അവതരണവും നന്നായിട്ടുണ്ട് . ഇനിയും തുടരട്ടെ എഴുത്ത് .

nidheesh said...

Really good...

manoj said...

AZHUTHUKA....AZHUTHIYAVA PALA VATTAM VAYIKKUKA.OKKEEEE.....SHARIYAYI VARUM.....NANMMA NERUNNU....,Frm, MANOJ MAYYANNOUR.