Friday, January 7, 2011

ഗ്രീഷ്മത്തിന്നോർമ്മകൾ

ചീവീടുകൾ ശ്രുതി മീട്ടും രാത്രിയിൽ
രാപ്പാടികൾ സ്വരസാധകം ചെയ്യുമ്പോൾ
മൂളികേൾക്കുന്ന വെള്ളി മൂങ്ങകൾ
ഗ്രീഷ്മ രാവുകൾക്കെന്നുമുന്മാദമേകുന്നു

ശ്രുതി ഭംഗം വരുത്താൻ കാലൻ കോഴികൾ
കൂകി കളിക്കുന്നോരന്ത്യയാമങ്ങളിൽ
കുഴമ്പിൻ മണം പേറും പുതപ്പിനുള്ളിൽ
പ്രാർഥനകളെന്നുമുച്ചത്തിലാവുന്നു

സൂര്യനുണരും പുലർകാല കുളിരിൽ
കരിമ്പടം മാറ്റാൻ മടിക്കുന്ന ഭൂമിയിൽ
കണ്ണുകൾ പൂട്ടി പ്രാർത്ഥിച്ചു നിൽപായ്‌
പൂമൊട്ടുകൾ പേറും ചെടികളത്രയും

തുളസിത്തറയിൽ വള കിലുങ്ങുമ്പോൾ
തഴുകിയുണർത്തിയ തെന്നലിൻ കൈകളേ
താഴ്‌വാരങ്ങൾ താണ്ടിയ നിന്നുടെ
പൂമേനി പുൽകിയ മണമെന്ത്‌ പറയൂ

ഇല്ലിക്കാടുകൾ പൂത്തതാവാം
നറു മുല്ലപ്പൂവുകൾ വിടർന്നതാവാം
ഈറൻ മുടിക്കെട്ടഴിഞ്ഞുലയുമ്പോൾ
കാറ്റിൽ സുഗന്ധം പടർന്നതാവാം


കിങ്ങിണിയാട്ടിക്കരയും കിടാവിനെ
തേടുന്ന നാൽക്കാലിയമറുമിന്നെന്നും
നോവുമെന്നോർമ്മതൻ മണിച്ചെപ്പിൽ
പോയ്പോയ കാലത്തിന്നോർമ്മയായെന്നും

2 comments:

സാബിബാവ said...

പ്രക്ര്തിയിലെ ഒന്നിനെയും വിടാതെ വര്‍ണിച്ചു
നല്ല സമ്പത്തുള്ള കവിത

പ്രദീപ്‌ തിക്കോടി said...

വളരെ നന്ദി സാബി