Tuesday, December 14, 2010

വരവേൽപ്‌

മേഘപാളികൾ കാറ്റിന്റെ ഗതിക്കനുസരിച്ച്‌ ഒഴുകുന്നത്‌ എത്രയോ തവണ കണ്ടിട്ടുണ്ട്‌. പ്രത്യേകിച്ച്‌ നിലാവുള്ള രാത്രികളിൽ, മേഘപാളികൾ തീർക്കുന്ന രൂപങ്ങളും രൂപമാറ്റങ്ങളും മണിക്കൂറുകളോളം നോക്കി ഇരുന്നിട്ടുണ്ട്‌.എന്നാലിപ്പോൾ തൊട്ടടുത്ത്‌, മേഘങ്ങൾ കൂട്ടം കൂട്ടമായി ഒഴുകുന്നതും അവയ്ക്ക്‌ ഇടയിലൂടെ ഞാൻ യാത്ര ചെയ്യുന്ന ഗൾഫ്‌ എയർ വിമാനം ഊളിയിട്ട്‌ പോകുന്നതും അത്‌ഭുതത്തോടും തെല്ലൊരാവേശത്തോടും കൂടി മാത്രമേ കണ്ടിരിക്കാൻ കഴിയുന്നുള്ളൂ.
വിമാനത്തിന്റെ കിളിവാതിലിനടുത്തു തന്നെ ഇരിപ്പിടം കിട്ടിയതിനാൽ ഗൾഫിലേക്കുള്ള കന്നിയാത്രയുടെ അങ്കലാപ്പിന്‌ തെല്ലൊരയവ്‌ വന്നിരുന്നു.മാത്രമല്ല, കാലത്ത്‌ എയർപ്പോർട്ടിൽ വച്ച്‌ അച്ചൻ പരിചയപ്പെടുത്തിത്തന്ന യുവാവ്‌ തൊട്ടടുത്ത സീറ്റിൽ തന്നെയുള്ളതിനാൽ വളരെയേറെ ആശ്വാസവുമുണ്ടായിരുന്നു.വിമാനത്തിലെ എന്റെ പരിചയക്കുറവുകൾക്ക്‌ അപ്പപ്പോൾ വേണ്ട നിർദ്ദേശങ്ങൾ നൽകാൻ അദ്ദേഹം വളരെ ശ്രദ്ധിച്ചിരുന്നു. ഒരുപാട്‌ മണിക്കൂറുകൾ തള്ളിനീക്കേണ്ടത്‌ കൊണ്ടാവാം യാത്രക്കാരിലേറെപ്പേരും ഉറങ്ങാൻ തുടങ്ങിയിരുന്നു. എനിക്കുറക്കം വന്നതേയില്ല. കരഞ്ഞുകൊണ്ട്‌ യാത്രയാക്കിയ അമ്മയുടെ മുഖമായിരുന്നു മനസ്സിൽ, വീട്ടിൽ നിന്നും ഇറങ്ങാൻ നേരം അമ്മ പറഞ്ഞ വാക്കുകളും...


"മോനേ..അന്യ നാടാണ്‌,വളരെ സൂക്ഷിക്കണേ,നിന്റെ എടുത്തുചാട്ട സ്വഭാവമൊന്നും അവിടെ ആരോടും കാണിക്കരുത്‌,എല്ലാം ശ്രദ്ധിച്ച്‌ വേണം ചെയ്യാൻ"


എയർപ്പോർട്ടിൽ വച്ച്‌ യാത്ര പറയുമ്പോൾ അച്ഛന്റെ തൊണ്ടയും ഇടറിയിരുന്നു.അവരുടെയെല്ലാം സ്നേഹത്തിന്റെ ആഴം എന്നേ മനസ്സിലാക്കിയിട്ടുള്ള എനിക്ക്‌ നീർമിഴികളോടെ മാത്രമേ യാത്ര ചോദിക്കാൻ
കഴിഞ്ഞുള്ളൂ.


എന്റെ അടുത്ത കൂട്ടുകാരന്‌ എഴുത്തയച്ചതും വിസ ശരിയാക്കുവാൻ വേണ്ട നിർദ്ദേശങ്ങൾ കൊടുത്തതുംഅമ്മയായിരുന്നു.അമ്മയ്ക്കവനെ നേരത്തെ അറിയാമായിരുന്നതിനാൽ കാര്യങ്ങൾ എളുപ്പം തന്നെ നടന്നു.എയർപ്പോർട്ടിൽ കാത്തുനിൽക്കുമെന്നാണ്‌ അവൻ അറിയിച്ചിരുന്നത്‌. അവനിപ്പോ എങ്ങിനെയിരിക്കുന്നുവോ ആവോ.. ഗൾഫിൽ പോയിട്ട്‌ മൂന്നു വർഷം കഴിഞ്ഞിരിക്കുന്നു. ഇതിനിടയിൽ അവന്റെയൊരു ഫോട്ടോ പോലും കണ്ടിട്ടില്ല.അവന്റെ രൂപം മനസ്സിലുറപ്പിച്ച്‌കൊണ്ട്‌ പുറത്തേക്ക്‌ നോക്കിയിരുന്നു.


പുറത്തെ കാഴ്ചകൾ മങ്ങിത്തുടങ്ങിയ വേളയിലേപ്പോഴോ ഉറക്കം എന്നെയും പുൽകിക്കഴിഞ്ഞിരുന്നു.
അടുത്തിരുന്ന യുവാവ്‌ തട്ടിവിളിച്ച്‌ സീറ്റ്ബെൽറ്റ്‌ ഇടാൻ പറഞ്ഞപ്പോഴാണ്‌ ഉറക്കമുണർന്നത്‌.വിമാനം നിലത്തിറങ്ങാൻ പോകുകയാണ്‌. അകാരണമായി എന്റെ ഹൃദയമിടിപ്പിന്റെ വേഗത കൂടിവരുന്നതായി അനുഭവപ്പെട്ടു തടങ്ങി.


കുഴപ്പമൊന്നുമില്ലാതെ തന്നെ വിമാനംപറന്നിറങ്ങിയിരിക്കുന്നു.സീറ്റ്‌ വിട്ട്‌ എഴുന്നേൽക്കുമ്പോൾ ബാഗുമെടുത്ത്‌ യുവാവിന്റെ കൂടെ തന്നെ പുറത്തേക്ക്‌ കടക്കാൻ ശ്രദ്ധിച്ചിരുന്നു. പുറത്തിറങ്ങിയാലും അദ്ദേഹത്തിന്റെ സഹായം എനിക്ക്‌ ആവശ്യമായിരുന്നു.


എമിഗ്രേഷൻ കൗണ്ടറിനടുത്തു വച്ച്‌ സുന്ദരനായ ഒരു യുവാവ്‌ വന്നു പരിചയപ്പെട്ടു.എന്റെ കൂട്ടുകാരന്റെ സുഹൃത്തും എയർപ്പോർട്ടിൽ ജോലിയുമുള്ള അദ്ദേഹം ഞാൻ വരുന്ന വിവരം നേരത്തെ അറിഞ്ഞിരിക്കുന്നു. എനിക്കെന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ ചെയ്യാൻ വേണ്ടി കൂട്ടുകാരൻ പറഞ്ഞേൽപിച്ച പ്രകാരം വന്നതാണ്‌. അദ്ദേഹത്തിനെക്കൊണ്ട്‌ പ്രത്യേകിച്ച്‌ ആവശ്യ മൊന്നുമില്ലാത്തതിനാൽ ഞാനും യുവാവും എമിഗ്രേഷൻ കൗണ്ടറിൽ പാസ്പ്പോർട്ടും പുതുതായി വരുമ്പോൾ കൊടുക്കേണ്ട അഞ്ച്‌ ദിനാറും കൊടുത്ത്‌, പാസ്പ്പോർട്ട്‌ തിരികെ വാങ്ങി പകുതി കാണും വിധത്തിൽ ഷർട്ടിന്റെ പോക്കറ്റിൽ തിരുകി ലഗേജ്‌ എടുക്കാൻ യുവാവിനോടൊപ്പം നടന്നു.


പുറത്തേക്ക്‌ കടക്കുന്ന വേളയിൽ,ഭദ്രമായി കെട്ടിവരിഞ്ഞ എന്റെ ബാഗ്‌ കണ്ടിട്ടാണോ എന്നറിയില്ല, കസ്റ്റംസ്‌ ഉദ്യോഗസ്ഥൻ എന്നെ തടഞ്ഞു വച്ച്‌ പാസ്പ്പോർട്ട്‌ വാങ്ങിയിട്ട്‌ ബാഗ്‌ തുറന്നു കാണിക്കാൻ പറഞ്ഞു.
പുതിയ പാന്റ്സും ഷർട്ടും തോർത്തുമുണ്ടും അച്ചാർ,വറുത്ത കായ,ഹലുവ പിന്നെ കൂട്ടുകാരൻ ആവശ്യപ്പെട്ട പ്രകാരം കൊണ്ടു വന്ന കൂവപ്പൊടിയുടെ പൊതിയും.അതും അഴിച്ച്‌ കാണിച്ചപ്പോൾ, അതെന്താണെന്നുള്ള ചോദ്യത്തിനു മുൻപിൽ ഞാനൊന്നു പരുങ്ങി.കൂവപ്പൊടിക്ക്‌ ഇഗ്ലീഷിൽ എന്താണാവോ പറയുക. ഈശ്വരാ..എന്തു ചെയ്യും അദ്ദേഹം വീണ്ടും ചോദിച്ചപ്പോൾ ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു,ഇത്‌ ഹെർബൽ മെഡിസിൻ ആണെന്ന്‌. അദ്ദേഹമതെടുത്ത്‌ തിരിച്ചും മറിച്ചും നോക്കിയിട്ട്‌ മണത്തു നോക്കി പിന്നെ എല്ലാമെടുത്ത്‌ പോയ്ക്കൊള്ളാൻ പറഞ്ഞു.


കൂടെയുണ്ടായിരുന്ന യുവാവ്‌ പുറത്തേക്ക്‌ കടന്നിരിക്കുന്നു.പാസ്പ്പോർട്ടും വാങ്ങി പുറത്തേക്ക്‌ കടന്ന ഉടനെ ടൈയൊക്കെ കെട്ടിയ ഒരാൾ എന്റെ പേര്‌ പറഞ്ഞുകൊണ്ടും ഇംഗ്ലീഷിൽ സംസാരിച്ചുകൊണ്ടും എന്റെ മുൻപിലേക്ക്‌ വന്നു നിന്നു. കൂട്ടുകാരനല്ല,പിന്നെ... വല്ല ഉദ്യോഗസ്ഥനുമായിരിക്കുമോ ഇതാരാണപ്പാ ഈ പുതിയ അവതാരം.പാസ്പ്പോർട്ടാണ്‌ ചോദിക്കുന്നതെന്നു മനസ്സിലായി. ബാഗിനോടൊപ്പം ചേർത്ത്‌ പിടിച്ചിരുന്ന പാസ്പ്പോർട്ടും പിടിച്ചു വാങ്ങിയിട്ട്‌ അയാൾ വേഗത്തിൽ നടന്നു പോയി.
എന്റെ വെപ്രാളം കണ്ടിട്ടായിരിക്കും കൂടെ വന്ന യുവാവും അദ്ദേഹത്തെ സ്വീകരിക്കാനെത്തിയ സുഹൃത്തുക്കളും അടുത്തെത്തി കാര്യം തിരക്കി. എനിക്ക്‌ പരിചയമില്ലാത്ത ഒരാൾ വന്ന്‌ പാസ്പ്പോർട്ടും പിടിച്ചു വാങ്ങി പോയതറിഞ്ഞ്‌ അവർ അവൻ പോയ വഴിയേ അവനു പിന്നാലെ ഓടി.അവരവനെ കണ്ടിരുന്നു.


കരണത്തടിയേറ്റതുപോലെ നിൽക്കുമ്പോഴാണ്‌ കൂട്ടുകാരൻ പ്രത്യക്ഷപ്പെട്ടത്‌.കൂടെ മറ്റൊരു സുഹൃത്തുമുണ്ട്‌.സംഭവിച്ചതൊക്കെ വിശദമാക്കിയിട്ടും യാതൊരു ഭാവമാറ്റവും കൂടാതെ അവനെന്നെയാണ്‌ കുറ്റപ്പെടുത്തിയത്‌. പാസ്പ്പോർട്ട്‌ സൂക്ഷിക്കണമെന്ന്‌ പറഞ്ഞിരുന്നില്ലേ?ആരെങ്കിലും വന്നു ചോദിച്ചാൽ ഉടനെ
എടുത്ത്‌ കൊടുക്കുകയാണോ? ങാ...സാരമില്ല,അതങ്ങു കിട്ടും വന്നോളൂ..

എങ്ങിനെ കിട്ടും, ആരു കൊണ്ടൂവന്നു തരും, എനിക്കൊന്നും മനസ്സിലായില്ല. ഒന്നും മിണ്ടാതെ ബാഗുമെടുത്ത്‌ അവനു പിന്നാലെ നടന്നു.


കാർ പാർക്ക്‌ ചെയ്തിരിക്കുന്നതിന്‌ അടുത്തെത്തിയതും,എന്റെ കയ്യിൽ നിന്നും പാസ്പ്പോർട്ട്‌ തട്ടിയെടുത്തോടിയ ആൾ ഞങ്ങൾക്കു നേരെ ഓടിവരുന്നതാണ്‌ കണ്ടത്‌.


പിടിക്കവനെ...പിടിക്കവനെ.... എന്നു വിളിച്ചു പറഞ്ഞുകൊണ്ട്‌ എന്നോടൊപ്പം വന്ന യുവാവും അയാളുടെ സുഹൃത്തുക്കളും ഇയാളുടെ പിന്നാലെ ഓടി വരുന്നുണ്ട്‌.ഓടിവന്ന ആൾ പാസ്പ്പോർട്ട്‌ എന്റെ കയ്യിലേൽപിച്ചതും, പിന്നാലെ ഓടിവന്നവർ അവനെ പിടികൂടുകയും തല്ലാൻ വേണ്ടി മുതിരുകയും ചെയ്തപ്പോൾ കൂട്ടുകാരൻ ഇടപെട്ടു.ഇതൊക്കെ മുൻകൂട്ടി തയ്യാറാക്കിയ നാടകമായിരുന്നെന്നും, എന്നെ വരവേൽക്കാൻ വേണ്ടി കളിച്ച നാടകത്തിന്റെ അവസാനം മറ്റുള്ളവർ ചേർന്ന്‌ അലങ്കോലമാക്കിയതിലുള്ള വിഷമവും പറഞ്ഞപ്പോൾ കൂട്ടച്ചിരിയുയർന്നു.


എനിക്ക്‌ ചിരിക്കാൻ കഴിഞ്ഞില്ല.സങ്കടവും ദ്വേഷ്യവും ഉള്ളിലൊതുക്കി കൊണ്ട്‌ വെറുതെ ചിരിക്കാൻ ശ്രമിച്ചു. ഇപ്പോൾ വർഷം പതിനെട്ട്‌ കഴിഞ്ഞിട്ടും കൂട്ടുകാരെല്ലാവരും കുടുംബ സമേതം ഒത്തു കൂടുമ്പോൾ പറഞ്ഞു ചിരിക്കാൻ,ഇപ്പോഴും ഇതൊരു വിഷയമായിത്തന്നെ നിലകൊള്ളുന്നു.






3 comments:

Sameer Thikkodi said...

ഇനിയും എത്ര നാള്‍ ?
ഇടക്കൊക്കെ പരോള്‍ ലഭിക്കുന്നുണ്ടല്ലോ ല്ലേ ?
കഥ / അനുഭവം രസിച്ചു ... "യുവാവി" നു (സഹ യാത്രികന് ) പേര് നല്‍കാമായിരുന്നു ...

ഒത്തിരി പ്രാവശ്യം അത് ആവര്‍ത്തിക്കുന്നത് ഒഴിവാക്കാമായിരുന്നു .

UMESH KUMAR said...

സമീര്‍ തിക്കോടിയാണ് ഈ ലിങ്ക് അയച്ചു തന്നത് ,
നല്ല കഥന രീതിയാണ് , എനിക്കിഷ്ടമായി

പ്രദീപ്‌ തിക്കോടി said...

കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം
തുടർന്നും അഭിപ്രായങ്ങൾ അറിയിക്കുക