Sunday, November 28, 2010

കോഴി പുരാണം


മഴ തിമർത്ത്‌ പെയ്യുകയാണ്‌. ഇന്നലെ തുടങ്ങിയതാണ്‌ നിർത്താതെയുള്ള പെയ്യൽ. ഇന്നിത്‌ തോരുന്ന ലക്ഷണമൊന്നും കാണുന്നില്ല. കോലായയിലിരുന്ന്‌ മഴയത്തേക്ക്‌ നോക്കിയിരിക്കുമ്പോൾ ഒരു പ്രത്യേക സുഖം മനസ്സിനും ശരീരത്തിനും അനുഭവപ്പെടുന്നു. കാറ്റടിക്കുമ്പോൾ ചരിഞ്ഞും നിവർന്നും പെയ്തിറങ്ങുകയാണ്‌ തുള്ളിക്കൊരു കുടം കണക്കെ. മുറ്റത്തു കൂടി ഒഴുകിപ്പോകുന്ന വെള്ളത്തിൽ കുമിളകൾ രൂപപ്പെടുകയും ഒഴുകാൻ തുടങ്ങുന്നതിനു മുൻപെ മഴത്തുള്ളിയേറ്റ്‌ അവ പൊട്ടിപ്പോകുകയും വീണ്ടൂം രൂപപ്പെടുകയും പൊട്ടുകയും, ഇതിങ്ങിനെ തുടർന്നുകൊണ്ടേയിരിക്കുന്നു.
നനഞ്ഞൊട്ടിയ ചിറകുമായി കാക്കകൾ മുറ്റത്തെ മാവിൻ കൊമ്പിൽ ചേർന്നിരിക്കുന്നു. അമ്മയുടെ വളർത്തു കോഴികൾ കോലായയിൽ ഒരു മൂലയ്ക്ക്‌ അഭയം തേടിയിരിക്കുകയാണ്‌. കൂട്ടിലേക്ക്‌ പോകാതെ പതിനഞ്ച്‌ പേരടങ്ങിയ ഈ കോഴി സംഘം കോലായ വൃത്തികേടാക്കുന്നുണ്ടെങ്കിലും അവയെ തെളിച്ചോടിക്കാൻ മനസ്സു വന്നില്ല. അല്ലേലും അമ്മ അതിനു സമ്മതിക്കുകയുമില്ല. അത്ര സ്നേഹത്തോടെയാണ്‌ അവയെ പോറ്റിവളർത്തുന്നത്‌.
 അടുത്ത വീട്ടുകാരുമായുള്ള അതിർത്തി പ്രശ്നം കാരണം, ഇന്ത്യ പാക്കിസ്ഥാൻ അതിർത്തി പോലെ വേലി കെട്ടി അടച്ചിട്ടുണ്ടെങ്കിലും ഇടയ്ക്കിടെ കോഴികൾ അതിർത്തി ലംഘിച്ച്‌ അപ്പുറത്തേക്ക്‌ പോകാറുണ്ട്‌. അതിന്റെ പേരിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടാവാറുണ്ടെങ്കിലും, ഈയിടെയായി ബഹളമൊന്നും കേൾക്കാറില്ല. പിന്നീടാണ്‌ കാര്യങ്ങൾ അറിഞ്ഞത്‌, അമ്മയുടെ കോഴികളിലൊരാൾ അപ്പുറത്തേക്ക്‌ നുഴഞ്ഞു കയറാറുണ്ടെന്നും സ്ഥിരമായി അവിടെയാണ്‌ മുട്ട ഇടാറുള്ളതെന്നും. ഇക്കാര്യമറിഞ്ഞിട്ടും അമ്മ അറിഞ്ഞതായി നടിച്ചില്ല, കാരണം കോഴികളുടെ അതിർത്തി ലംഘനം ഉളവാക്കിയിരുന്ന പ്രശ്നങ്ങൾ ഒഴിവായി കിട്ടിയല്ലോ. മുൻപ്‌ ആടുകളോടായിരുന്നു അമ്മയ്ക്ക്‌ കമ്പം. തുടർച്ചയായി രണ്ടെണ്ണം ചത്തപ്പോൾ അവയെ പാടെ ഒഴിവാക്കി. അതിനുശേഷം പശുവും കോഴി വളർത്തലുമായി അമ്മയുടെ ഹോബി.
 എത്ര നേരമായി ഈ ഇരിപ്പ്‌ ഇരിക്കാൻ തുടങ്ങിയിട്ട്‌, കാലത്തെ ഒരുങ്ങിയതാണ്‌. അമ്മയുടെ ഒരുക്കം ഇനിയും തീർന്നിട്ടില്ല, പ്രായമേറുന്തോറും ഒരുക്കത്തിനും സമയമേറുന്നു.
 മോനേ... നമ്മളെങ്ങിനെ ഈ മഴയത്ത്‌ പോകും, വല്ല ഓട്ടോയും കിട്ടുമോന്ന്‌ നോക്കിയേ ! താലി കെട്ടുന്നതിനു മുൻപെങ്കിലും അവിടെ എത്തേണ്ടേ?
 സാരിയുടെ ഞൊറികൾ നേരെയാക്കിക്കൊണ്ട്‌ ഉമ്മറത്ത്‌ വന്ന്‌ അമ്മയിതു പറയുമ്പോഴാണ്‌ അക്കാര്യം ഞാനും ഓർത്തത്‌, എങ്ങിനെ ഈ മഴയത്ത്‌ പോകും?
 എത്ര നേരം വേണമെങ്കിലും മഴ പെയ്യുന്നതും നോക്കിയിരിക്കാം, ഒത്തിരി ഇഷ്ടവുമാണ്‌, പക്ഷേ ഇപ്പോഴത്‌ പറ്റില്ലല്ലോ! ജോലിയ്ക്ക്‌ പോകുന്നതിനു മുൻപ്‌ അച്ഛൻ ഏൽപിച്ചിട്ട്‌ പോയതാണ്‌,അമ്മയേയും  കൂട്ടി അകന്ന ബന്ധത്തിലുള്ള കുട്ടിയുടെ കല്യാണത്തിന്‌ പോകാൻ. കോഴ്സ്‌ കഴിഞ്ഞ്‌ ജോലി അന്വേഷിച്ച്‌ നടക്കുന്ന എന്റെ ജോലി, ഇപ്പോൾ ഇതൊക്കെ തന്നെയാണ്‌.എവിടെ എന്ത്‌ വിശേഷമുണ്ടെങ്കിലും പോകേണ്ടത്‌ ഞാൻ തന്നെ, ചിലപ്പോഴൊക്കെ കൂട്ടിന്‌ അമ്മയുമുണ്ടാകും. അനുജനും പെങ്ങളും പഠിക്കുന്നതിനാൽ അവർ ഈ വക കാര്യങ്ങളിൽ നിന്നെല്ലാം രക്ഷപ്പെടുന്നു.
ശരിയാ.. ഇന്നിനി മഴ തോർന്നിട്ട്‌ പോകാൻ നോക്കേണ്ട. ഓട്ടോ പിടിച്ച്‌ പോകുകയാണെങ്കിൽ കല്യാണ വീടിന്റെ മുൻപിൽ തന്നെ ചെന്നിറങ്ങാം. 
കുടയുമെടുത്ത്‌ റോഡിലേക്ക്‌ ഇറങ്ങുമ്പോഴാണ്‌ മഴയത്ത്‌ ആകെ മൂടിക്കൊണ്ട്‌ ഒരു സ്ത്രീ കയറി വന്നത്‌. തമിഴ്‌ സ്ത്രീയാണ്‌. തുണിയിൽ പൊതിഞ്ഞ കുഞ്ഞിനെ മറ്റൊരു തുണികൊണ്ട്‌ മാറോട്‌ ചേർത്ത്‌ കെട്ടിയിരിക്കുന്നു. നനയാതിരിക്കാൻ പ്ലാസ്റ്റിക്‌ ഷീറ്റ്‌ തലയ്ക്കു മുകളിൽ പിടിച്ചിട്ടുണ്ടെങ്കിലും, സാരി അവിടവിടെ നനഞ്ഞ്‌ ശരീരത്തോട്‌ ഒട്ടി നിൽക്കുന്നു.
മഴയത്ത്‌ നിൽക്കാതെ ഇറയത്ത്‌ കയറി നിൽക്കാൻ പറഞ്ഞെങ്കിലും, വല്ലതും കോടുത്ത്‌ വേഗം പറഞ്ഞു വിടാൻ അമ്മയോട്‌ പറഞ്ഞുകൊണ്ട്‌ റോഡിലേക്ക്‌ ഇറങ്ങി നിന്നു.
ടാറു ചെയ്യാത്ത റോഡിനിരുവശത്തു കൂടിയും ചുവന്ന മണ്ണ്‌ കലങ്ങിയ വെള്ളം ഒഴുകിപ്പോകുന്നുണ്ട്‌. കുറച്ചു നേരമാവെള്ളത്തിൽ നിന്നപ്പോൾ കാലിലൂടെ തണുപ്പ്‌ ഇരച്ച്‌ കയറാൻ തുടങ്ങി, പിന്നെ കടയുടെ ഓരത്തേക്ക്‌ മാറി നിന്നു.റോഡിനപ്പുറത്തെ പറമ്പിലെ തെങ്ങുകൾ സംഘനൃത്തമാടുകയാണ്‌, കാറ്റിന്റെ താളത്തിനനുസരിച്ച്‌ തലയും കയ്യുമിളക്കി ആടുന്നു. ആട്ടത്തിന്റെ മൂർദ്ധന്യത്തിൽ തലയിലെ കിന്നരികളിൽ പലതും തെറിച്ച്‌ വീഴുന്നതു പോലെ ഇടയ്ക്കിടെ തെങ്ങോലകൾ വീണുകൊണ്ടിരിക്കുന്നു. ഇലൿട്രിക്‌ കമ്പികൾ ഇടയ്ക്കിടെ തമ്മിൽ പുണരുന്നുമുണ്ട്‌, കറണ്ട്‌ ഇന്നലെ പോയതിനാൽ കാലത്ത്‌ ഇസ്തിരിയിടാൻ പഴയ തേപ്പുപെട്ടിയെതന്നെ ആശ്രയിക്കേണ്ടി വന്നു.
ഈ ചെമ്മൺ പാതയിലൂടെയുള്ള യാത്രയ്ക്ക്‌ ഓട്ടോറിക്ഷ മാത്രമാണ്‌ നാട്ടുകാർക്കാശ്രയം. കുറച്ചുനേരം കാത്തു നിന്നിട്ടും ഓട്ടോയൊന്നും കാണാത്തതിനാൽ അടുത്തുള്ള കടക്കാരനെ ഏൽപിച്ചിട്ട്‌ തിരിച്ച്‌ വീട്ടിലേക്ക്‌ നടന്നു. ഇട്ടിരിക്കുന്ന പാന്റ്സിന്റെ കീഴ്ഭാഗം നനഞ്ഞ്‌ കാലിനോട്‌ ഒട്ടിയിരിക്കുന്നു, പിൻഭാഗത്ത്‌ ചെളി തെറിച്ചിട്ട്‌ അവിടവിടെയായി ചുവന്ന പുള്ളികൾ വീണിരിക്കുന്നു.
അമ്മ കോലായയിൽ തന്നെ നിൽപുണ്ട്‌,
എന്തായി മോനേ? ഓട്ടോ ഇല്ലേ?
ഇല്ലമ്മേ! ഒന്നും വരുന്നത്‌ കാണുന്നില്ല, ഓട്ടോ വരികയാണെങ്കിൽ ഇങ്ങോട്ടേയ്ക്ക്‌ അയക്കാൻ കടക്കാരനെ പറഞ്ഞേൽപിച്ചിട്ടുണ്ട്‌.
കുട മടക്കിക്കൊണ്ട്‌ കോലായയിലേക്ക്‌ കയറുമ്പോൾ കണ്ടു, നേരത്തെ കയറിവന്ന സ്ത്രീ കോഴികൾ ഇരിക്കുന്നതിനടുത്തായി നിലത്തിരുന്ന്‌ ഭക്ഷണം കഴിക്കുന്നു. കോഴികൾ പരിചയമില്ലാത്ത ആളെ കണ്ടിട്ടാണോ, അതോ അവൾ കഴിക്കുന്ന ഭക്ഷണം കണ്ടിട്ടോ, കുറുകിക്കൊണ്ട്‌ തമ്മിൽ തമ്മിൽ തള്ളിക്കൊണ്ട്‌ ഒരു മൂലയിലേക്ക്‌ ഒതുങ്ങി നിൽക്കുന്നു.
പെട്ടന്നുള്ള ദ്വേഷ്യം അതെന്റെ കൂടപ്പിറപ്പാണെന്നാണ്‌ അമ്മയെപ്പോഴും പറയാറ്‌. ഇപ്പോഴും അതിന്‌ മാറ്റമുണ്ടായില്ല, ചൂടായി തന്നെ ചോദിച്ചു
 ഞാൻ പറഞ്ഞിരുന്നില്ലേ വേഗമൊഴിവാക്കണമെന്ന്‌, ഓട്ടോ വന്നാൽ പോകേണ്ടതല്ലേ, ഇവൾ തിന്നെണീറ്റ്‌ പോകുന്നതു വരെ കാത്തിരിക്കാൻ എവിടെയാ നേരം.
 മതിയെടാ.. പാവമുണ്ടാകും, അവളതും തിന്നിട്ട്‌ എണീറ്റ്‌ പോയ്ക്കോളും, ബാക്കിയുള്ള പുട്ടും കടലയും ഇവിടെ വച്ചിട്ട്‌ ഇനി ആര്‌ തിന്നാനാണ്‌.
അതും പറഞ്ഞിട്ട്‌ അമ്മ അകത്തേക്ക്‌ പോയി. അമ്മ ഇങ്ങനെയേ പറയൂ എന്നെനിക്കറിയാം, ഇതെത്രയോ തവണ കേട്ടിരിക്കുന്നു. ഇത്തരക്കാരെ സംശയ ദൃഷ്ടിയോടെ വീക്ഷിക്കുന്ന എന്നെ എത്രയോ തവണ കുറ്റപ്പെടുത്തിയിരിക്കുന്നു.
കാറ്റിന്റെ ശക്തി വീണ്ടും കൂടിയിരിക്കുന്നു, ചാഞ്ഞു വീഴുന്ന മഴത്തുള്ളികൾ കോലായയിലും വന്നു വീഴുന്നുണ്ട്‌, കോഴികൾ ബഹളം വയ്ക്കുന്നുണ്ട്‌, എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതെ ചമ്രം പടിഞ്ഞിരുന്ന്‌ കുഞ്ഞിനെ മടിയിൽ കിടത്തി, കുനിഞ്ഞിരുന്ന്‌ ഭക്ഷണം കഴിക്കുന്ന സ്ത്രീയെ ശ്രദ്ധിക്കുകയായിരുന്നു ഞാൻ. മുപ്പതിനോടടുത്ത പ്രായം, കറുത്തിരുണ്ട്‌ ആരോഗ്യമുള്ള ശരീരം. തണുപ്പേറ്റതിനാലാവാം മൂടിപ്പുതച്ച പഴയ തുണിക്കുള്ളിൽ കുഞ്ഞ്‌ സുഖമായിട്ടുറങ്ങുന്നു.
അമ്മികൾ കൊത്തി വിറ്റഴിക്കുന്ന തമിഴ്‌ കുടുംബം റോഡരികിലൊക്കെ ടെന്റ്‌ കെട്ടി താമസിക്കുന്നത്‌ കണ്ടിട്ടുണ്ട്‌, അവരുടെ കൂട്ടത്തിലുള്ളതായിരിക്കും.
അവൾക്ക്‌ കുടിക്കാനുള്ള വെള്ളവുമായി വന്ന അമ്മ അതവളുടെ കയ്യിലേക്ക്‌ കൊടുക്കുമ്പോളാണ്‌ മുറ്റത്ത്‌ ഓട്ടോ വന്നു നിന്നത്‌, പിന്നെ വീടടച്ചു പൂട്ടി ഞങ്ങൾ ഓട്ടോയിലേക്ക്‌ കയറുമ്പോൾ അമ്മയ്ക്കറിയാവുന്ന രീതിയിൽ അവളോട്‌ പറയുന്നുണ്ടായിരുന്നു, വേഗം തിന്നെണീറ്റ്‌ പോകാനും പാത്രങ്ങളൊക്കെ അവിടെ കഴുകി വയ്ക്കാനും. പഴയ പാത്രത്തിലാണ്‌ അമ്മ അവൾക്ക്‌ ഭക്ഷണം കോടുത്തതെന്ന കാര്യം ഞാൻ ശ്രദ്ധിച്ചിരുന്നു.
ഓട്ടോ കുറച്ചു ദൂരം ഓടിയപ്പോൾ കണ്ടു വേറെയും രണ്ടു മൂന്നു പേർ മഴ നനഞ്ഞ്‌ എതിരേ വരുന്നത്‌. അതിൽ രണ്ടൂ പേർ പുരുഷന്മാരുമായിരുന്നു.
അമ്മേ.. പാത്രങ്ങളൊന്നും വീടിനു പുറത്തില്ലല്ലോ? ദേ... പിന്നെയും ആൾക്കാർ വരുന്നുണ്ട്‌.
എടുത്ത്‌ കൊണ്ട്‌ പോകാൻ പറ്റിയതൊന്നും പുറത്തില്ലെന്നും, അവരങ്ങിനെ കട്ടെടുക്കുന്ന കൂട്ടരല്ലെന്ന്‌ പറഞ്ഞെങ്കിലും എന്തോ... എനിക്കൊരു വിശ്വാസക്കുറവ്‌. ആരെയും കണ്ണടച്ച്‌ വിശ്വസിക്കുന്ന സ്വഭാവം പണ്ടേ എനിക്കില്ലല്ലോ.
കല്യാണത്തിന്‌ സമയത്ത്‌ എത്തിപ്പെടാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലായിരുന്നു അമ്മ, എന്നാൽ എന്റെ ചിന്ത വീട്ടിലിരിക്കുന്ന സ്ത്രീയെ കുറിച്ചായിരുന്നു.ചടങ്ങുകൾ നടക്കുമ്പോഴും സദ്യ ഉണ്ണാനിരിക്കുമ്പോഴും മഴ അതിന്റെ ജോലി തുടർന്നു കൊണ്ടേയിരുന്നു. ചെറുക്കനും കൂട്ടരും ഇറങ്ങിയപ്പോൾ ഞങ്ങൾ വീട്ടുകാരോട്‌ യാത്ര പറഞ്ഞിറങ്ങി. തിരിച്ചിങ്ങോട്ടും ഓട്ടോ കിട്ടിയതിനാൽ നനയാതെ വീടണഞ്ഞു.
ഓട്ടോയിൽ നിന്നും ഇറങ്ങിയ ഉടനെ ഞാനൊന്നു ചുറ്റിലും കണ്ണോടിച്ചു. പാത്രവും ഗ്ലാസ്സും കഴുകി വച്ചിട്ടുണ്ട്‌.പുറത്തു നിന്ന്‌ ഒന്നും തന്നെ കൊണ്ടൂപോയതായി കാണുന്നില്ല.പൂട്ടൊക്കെ ഭദ്രമായിത്തന്നെയിരിക്കുന്നു.
അമ്മ വീണ്ടും എന്നെ കളിയാക്കി, " നിന്റെയൊരു സംശയം
ഒന്നു മയങ്ങണം, ഞാൻ മെല്ലെയെന്റെ മുറിയിലേക്ക്‌ വലിഞ്ഞു.
വീട്ടിലെ ബഹളം കേട്ടാണ്‌ ഉണർന്നത്‌. സന്ധ്യയായെന്നു തോന്നുന്നു,
മോനേ .. ഒന്നിങ്ങു വന്നേ...
പിന്നാമ്പുറത്തു നിന്നും അമ്മയാണ്‌ വിളിക്കുന്നത്‌ കത്തിച്ചു പിടിച്ച ടോർച്ചുമായി അമ്മ കോഴിയേയും വിളിച്ചുകൊണ്ട്‌ വീടിനു ചുറ്റും നടക്കുകയാണ്‌പെങ്ങളും അനുജനും അടുത്ത വീടുകളിലും മരക്കൊമ്പിലുമൊക്കെ തിരയുന്നുണ്ട്‌.
അപ്പോൾ കോഴികളെ കാണാനില്ല, അതാണ്‌ പ്രശ്നം.
എടാ ഒന്നു നോക്കെടാ.. മഴ നനഞ്ഞ്‌ എവിടെയെങ്കിലും കയറി നിൽക്കുന്നുണ്ടാവും.
അമ്മയിൽ നിന്നും ടോർച്ചും കുടയും വാങ്ങി ഞാൻ പുറത്തേക്ക്‌ നടന്നു.മഴയുടെ ശക്തി കുറഞ്ഞിരിക്കുന്നു, ചെറുതായി പോടിയുന്നേയുള്ളൂ.
ഇരുട്ടുന്നതുവരെയും ഞങ്ങളുടെ അന്വേഷണം നടന്നെങ്കിലും കോഴികളെ കണ്ടെത്താനായില്ല.ജോലി കഴിഞ്ഞെത്തിയ അച്ഛനും വിവരമറിഞ്ഞ്‌ ടോർച്ചുമെടുത്തിറങ്ങി, കോഴികളെ എങ്ങും കണ്ടെത്തിയില്ല.
ഇത്രയും കോഴികളെ ഒറ്റയടിക്ക്‌ കുറുക്കനോ മറ്റോ കൊണ്ടൂപോകാൻ വഴിയില്ല, മറ്റാരുടേയും കയ്യിലകപ്പെട്ടിട്ടില്ലെങ്കിൽ നേരം വെളുക്കുമ്പോൾ അവയിങ്ങെത്തും, നനഞ്ഞതിനാൽ എവിടെയെങ്കിലും പതുങ്ങിയിരിപ്പുണ്ടാകും.
അമ്മയെ ആശ്വസിപ്പിക്കാനാണ്‌ അച്ഛനങ്ങിനെ പറഞ്ഞതെന്നു ഞങ്ങൾക്കറിയാമായിരുന്നു, അന്നു രാത്രി അമ്മ ഉറങ്ങില്ലെന്നും ഞങ്ങൾക്കറിയാം. എന്നിട്ട്‌, കാലത്തു മുതൽ ശ്വാസം മുട്ടലും തലവേദനയും മരുന്നുമായിട്ടായിരിക്കും അന്നത്തെ ദിവസം തള്ളിനീക്കുക.എന്തെങ്കിലും വിഷമം ഉണ്ടായാൽ അമ്മ അങ്ങിനെയാണ്‌.
കാലത്ത്‌ വളരെ വൈകിയാണ്‌ എഴുന്നേറ്റത്‌, അല്ലേലും പ്രത്യേകിച്ച്‌ ജോലിയൊന്നുമില്ലാത്തതിനാൽ ഇതും ഒരു ശീലമായിരിക്കുന്നു.
കോലായയിൽ,അച്ഛനിരുന്ന്‌ പത്രം വായിക്കുന്നു,ഇന്ന്‌ അച്ഛന്‌ അവധിയാണെന്നു തോന്നുന്നു. തൊട്ടടുത്ത്‌ അച്ഛന്റെ ടീ ഷർട്ടുമിട്ട്‌ കയ്യിൽ ആവി പറക്കുന്ന ചായയുമായി അമ്മയും ഇരിക്കുന്നു, മുഖം കണ്ടാലറിയാം ഇന്നലെ തീരെ ഉറങ്ങിയിട്ടില്ലെന്ന്‌, എന്നെ കണ്ട അച്ഛൻ മുഖമുയർത്തി
ങാ.. നിനക്കിപ്പോഴാണ്‌ നേരം വെളുത്തത്‌ അല്ലേ? കോഴിയെ ആരെങ്കിലും പിടിച്ചുകൊണ്ടുപോയതാകാനാണ്‌ സാധ്യത, അല്ലെങ്കിൽ അവ നേരം വെളുത്തപ്പോൾ വരേണ്ടതാണ്‌
അമ്മ ഒന്നും മിണ്ടാതെ ദൂരേക്ക്‌ നോക്കിയിരിക്കുകയാണ്‌, മഴ പെയ്യിക്കാനുള്ള തയ്യറെടുപ്പിലാണ്‌ മാനം, വീണ്ടും ഇരുണ്ടു വരുന്നു.അപ്പോഴാണ്‌ തൊട്ടടുത്തു തന്നെ താമസിക്കുന്ന അച്ഛന്റെ ജ്യേഷ്ഠൻ കയറി വന്നത്‌, എന്തോ പറയാനുള്ള വരവാണ്‌.
നിന്റെ കോഴികളെ അണ്ണാച്ചികൾ കൊണ്ടുപോയതാടാ... ഇപ്പോൾ ടൗണിൽ വച്ചാണ്‌ ഞാനാ വിവരമറിഞ്ഞത്‌. ഇന്നലെ വലിയ ഭാണ്ഡക്കെട്ടുമായ്‌ പോകുന്ന അണ്ണാച്ചികളെ നാടുകാർ സംശയിച്ച്‌ പരിശോധിച്ചപ്പോൾ കഴുത്ത്‌ ഞരിച്ച് കൊന്ന നിലയിൽ പത്തു പതിനഞ്ച്‌ കോഴികളെ കണ്ടത്രേ,ചോദ്യം ചെയ്തപ്പോൾ വിലയ്ക്ക്‌ വാങ്ങിയതാണെന്നും ഓടിപ്പോകാതിരിക്കാൻ വേണ്ടിയാണ്‌ കൊന്ന്‌ ഭാണ്ഡത്തിലാക്കിയതെന്നുമാണ്‌ അവർ പറഞ്ഞത്‌. പിന്നെ പരാതിക്കാരില്ലാത്തതിനാൽ അവരെ വെറുതെ വിടുകയും ചെയ്തു.
ഞാനും അച്ഛനും അപ്പോൾ അമ്മയെയാണ്‌ നോക്കിയത്‌, കണ്ണിൽ വെള്ളം നിറച്ച്‌ ഒന്നും മിണ്ടാതെ എഴുന്നേറ്റ്‌ പോയ അമ്മ അസുഖമെല്ലാം മാറി പഴയപടിയാവാൻ ഒരാഴ്ചയെടുത്തു. അതിനു ശേഷം അണ്ണാച്ചികളെ വീടിന്റെ ഏഴയലത്ത്‌ അടുപ്പിക്കാറില്ല. കോഴിവളർത്തൽ പ്രേമം അതോടെ അവസാനിക്കുകയും ചെയ്തു.

4 comments:

faisu madeena said...

സത്യത്തില്‍ ഇത് വായിച്ചു കഴിഞ്ഞപ്പോ ഒന്നും പറയാന്‍ കഴിയുന്നില്ല..പാവപ്പെട്ട നമ്മുടെ അമ്മമാരുടെ നിഷ്കളങ്കതയെ ആണ് ഈ തമിഴന്മാരും മറ്റും മുതലെടുക്കുന്നത് ..അന്നം കൊടുത്ത കൈക്ക് തന്നെ കടിച്ചു ...


പിന്നെ മഴയെ പറ്റി എഴുതിയത് മനോഹരമായിരിക്കുന്നു ...ശരിക്കും ഒരു മഴ കണ്ട സുഖം ...താങ്ക്സ്

സുജിത് കയ്യൂര്‍ said...

Ishtamaayi. Veendum varaam.

appachanozhakkal said...

കൊഴിപുരാണം ഇഷ്ട്ടപ്പെട്ടു. വളര്‍ത്തു ജീവികളോടുള്ള ഇഷ്ട്ടം എല്ലാവര്ക്കും മനസ്സിലാകില്ല. എനിക്ക് കുറച്ചു കോഴികളും, ഫ്ലൈന്ഗ് ഡക്കും ഒക്കെയുണ്ട്. നല്ല നേരമ്പോക്കാണ്.

ഹരിപ്രിയ said...

nannayittundu :)