“ മാഷേ.... മാ...ഷെ.... “
നീട്ടിയുള്ള വിളികേട്ട് കരുണന്‍ മാഷൊന്നു നിന്നു. തൊട്ടടുത്തെ
മാവിന്‍റെ കൊമ്പിലിരുന്ന്‍ വളിച്ച ചിരിയുമായി മാഷെത്തന്നെ നോക്കിയിരിക്കുന്നു ദാസന്‍.
പാതി കടിച്ച മാമ്പഴം വലതു കയ്യില്‍ പിടിച്ച് ഇടതു കൈകൊണ്ടു തൊട്ടു മുകളിലത്തെ കൊമ്പില്‍
പിടിച്ച് ഉടുത്തിരിക്കുന്ന കള്ളിമുണ്ട് മടക്കിക്കുത്തി കാല്‍ രണ്ടും
തൂക്കിയിട്ടാണ് അവന്‍റെ ഇരിപ്പ്. വലതു കൈയിലൂടെ മാങ്ങയുടെ ചാറു ഒലിച്ചിറങ്ങുന്നുണ്ട്.
ഷര്‍ട്ടിടാത്ത ഇരുണ്ട ദേഹത്ത് അവിടവിടെയായി മാങ്ങയുടെ നീരുറ്റിയ പാടുകള്‍.
“ എന്താ... ദാസാ...... ക്ലാസ്സില്‍ കയറാനുള്ള ഉദ്ദേശ്യമില്ലേ
നിനക്ക്, പുറത്താക്കിയപ്പോള്‍ കറങ്ങി നടക്കാന്‍ സൌകര്യമായി അല്ലേ....”
മാഷ്‌ടെ ദ്വേഷ്യത്തിന് ഒരു കുറവും വന്നിട്ടില്ലെന്ന് അവനു
മനസ്സിലായി. കയ്യിലിരുന്ന മാങ്ങ കടിച്ചു പിടിച്ച് കൊമ്പില്‍ നിന്നും കൊമ്പിലേക്ക്
മാറി മാറി താഴേക്ക് ഊര്‍ന്നിറങ്ങി വന്നു അവന്‍... മടിക്കുത്തഴിച്ചിട്ടതിനു ശേഷം
മാമ്പഴം ഒന്നുകൂടി ആസ്വദിച്ച് കടിച്ചിട്ട് ദൂരേക്ക് വലിച്ചെറിഞ്ഞു.
“ മാഷ് കാരണമല്ലേ ഞാനിങ്ങനെയായത് “
കള്ളിമുണ്ടിന്‍റെ അറ്റം കൊണ്ട് മുഖവും കൈകളും തുടച്ചിട്ട്
അലസമായിട്ടാണ് അവനത് പറഞ്ഞത്.
“ ഞാന്‍ കാരണമോ... നിന്‍റെ കയ്യിലിരിപ്പ് കാരണമല്ലേ... സ്ത്രീകളുടെ
മോശം ചിത്രങ്ങളാണോ ക്ലാസ്സില്‍ കൊണ്ടുവന്നു കാണിക്കുന്നത്? അതുകൊണ്ടല്ലേ അച്ഛനെ
കൂട്ടിവന്നിട്ട് ക്ലാസ്സില്‍ കയറിയാല്‍ മതിയെന്ന് പറഞ്ഞത്, എന്നിട്ട്?....”
മാഷ്‌ടെ മുഖത്ത് ദ്വേഷ്യം ഇരച്ചു കയറുന്നുണ്ടായിരുന്നു, അവനാകട്ടെ
അവന്‍റെ നിരപരാധിത്വം വിശദീകരിക്കാനുള്ള ഒരുക്കത്തിലും.
“ മാഷെ, ഞാനാ ചിത്രം സ്ത്രീകളുടെ മാഗസിനില്‍ നിന്നും
വെട്ടിയെടുത്തതാണ്, അത്, അവര്‍ ഉള്ളിലിടുന്നതിന്റെ പരസ്യ ചിത്രമാ. എന്‍റെ
ബുക്കിലിരുന്ന ചിത്രം തൊട്ടടുത്തിരുന്നവന്‍ കണ്ടെടുത്ത് കൈമാറി കൈമാറി ക്ലാസ്സില്‍
ബഹളം ഉണ്ടായതിനാ മാഷെന്നെ പുറത്താക്കിയത്. “
അവന്‍ താഴേക്ക് നോക്കി നിന്ന്‍ മുണ്ടിന്‍റെ അറ്റം തെറുത്തു
കൊണ്ടിരുന്നു, തലയുയര്‍ത്തിയതും മാഷ്‌ടെ ചോദ്യം.
“ നീ അച്ഛനോട് കാര്യം പറഞ്ഞിരുന്നോ ? “
“ ങ്ങും....” അവന്‍ തലയാട്ടി .
“ എന്നിട്ട് അച്ഛന്‍ എന്ത് പറഞ്ഞു “
മാഷിന്‍റെ ദ്വേഷ്യം കുറഞ്ഞെന്ന് അവനു മനസ്സിലായി, അതിനാല്‍ അവന്‍
തുടര്‍ന്നു.
“ മാഗസിനില്‍ എല്ലാവര്‍ക്കും കാണാന്‍ വേണ്ടിയല്ലേ അത് അച്ചടിച്ചു
വച്ചേക്കണത് എന്നാ അച്ഛന്‍ ചോദിച്ചത്, കൂടാതെ കവലയിലെ ഭിത്തിയിലൊക്കെ ഇതിനേക്കാള്‍
മോശം ചിത്രങ്ങളാണത്രേ ഒട്ടിച്ചു വച്ചിരിക്കുന്നത്. പിന്നേ...”
അതും പറഞ്ഞു അവന്‍ തല ചൊറിഞ്ഞുകൊണ്ട് നിന്നു
“ പിന്നെ എന്ത് പറഞ്ഞു? “
മാഷ്ക്ക് അതറിയാന്‍ ധൃതിയായി
“ ഇപ്പോ ചാനലിലെ വാര്‍ത്ത വരെ കുട്ടികള്‍ക്ക് കാണാന്‍ പറ്റാത്ത
തരത്തിലാണെന്നാ അച്ഛന്‍ പറഞ്ഞത്. ഇതൊന്നും മാഷ് കാണുന്നില്ലേന്നും ചോദിച്ചു.
പിന്നേ.. ഇനി പഠിക്കേണ്ടെന്നാ പറയുന്നത്, പഠിച്ചു ജോലി കിട്ടിയാല്‍ കിട്ടുന്ന,
ശമ്പളത്തേക്കാള്‍ കൂടുതല്‍ അച്ഛന്റെ കൂടെ ജോലിയ്ക്ക് പോയാല്‍ കിട്ടുമെന്നും
പറഞ്ഞു.”
ആ ഗ്രാമത്തിലെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിയ്ക്കുന്ന
മാഷ്ക്ക് ആകെ ഒരു വല്ലായ്ക തോന്നി. ഈ എട്ടാം ക്ലാസ്സുകാരനോട് എന്താണ് പറയേണ്ടത്.
പോക്കറ്റില്‍ നിന്നും ടവ്വലെടുത്ത് നെറ്റിയിലെ വിയര്‍പ്പുകണം ഒപ്പിയിട്ട് തുടര്‍ന്നു.
“ ദാസന്‍ പൊയ്ക്കോളൂ, അച്ഛനെക്കണ്ട് ഞാന്‍ സംസാരിച്ചോളാം.
നാളെത്തന്നെ ക്ലാസ്സില്‍ കയറിക്കോളൂ. “
ദാസന്‍റെ കണ്ണുകളിലെ തിളക്കം പുഞ്ചിരിയായി രണ്ടുപേരിലേക്കും
പടരുമ്പോള്‍, കരുണന്‍മാഷ് സ്കൂളിലേക്കുള്ള നടത്തത്തിനു വേഗം കൂട്ടി
2 comments:
ദാസന്‍ 8 ബി.
ഉത്തരം മുട്ടുന്ന ചോദ്യങ്ങള്‍
Gud 1...
Post a Comment