" അതേയ്.... നിങ്ങളിതു കണ്ടോ ? .... "
ഓഫീസിൽ നിന്നും വന്നു കയറിയതേയുള്ളൂ അയാൾ, ഷർട്ടഴിച്ചു കൊളുത്തിയിടുന്നതിനിടയിലാണ് പിന്നിൽ നിന്നും ഭാര്യയുടെ വിളി.
" എന്തുവാടി.... എന്തു കണ്ടോന്നാണു.... "
തിരിഞ്ഞു നോക്കാതെയാണ് ചോദിച്ചത്
" നിങ്ങളിങ്ങോട്ടൊന്നു നോക്കിയേ.... ഇതു കണ്ടില്ലേ , ഇതു നമ്മുടെ മോളുടെ അലമാരക്കുള്ളിൽ നിന്നും കിട്ടിയതാണ് "
" ആഹാ.... കൊള്ളാമല്ലോ നല്ല ബ്രേസ്‌ലറ്റ് , അവൾക്കിതെവിടുന്നു കിട്ടി? "
" അതു തന്നെയാ ഞാനും ചോദിക്കുന്നത്? സധാരണ , എന്തു കിട്ടിയാലും നമ്മളെ കാണിക്കുന്ന അവൾ, ഇതെന്തേ ഒളിച്ചു വച്ചത് , ഇതിലെന്തോ കുഴപ്പമുണ്ട് , ഇനി അവൾക്കിത് വല്ലവനും സമ്മാനിച്ചതാവുമോ !..... "
" എടീ... നീ വേണ്ടാത്തതൊന്നും ചിന്തിക്കേണ്ട , ചിലപ്പോൾ അവളുടെ കൂട്ടുകാരികൾ ആരെങ്കിലും കൊടുത്തതാണെങ്കിലോ ? "
അയാളതത്ര കാര്യമാക്കാതെയാണ് പറഞ്ഞതെങ്കിലും അവൾ വിടുന്ന ലക്ഷണമില്ല.
" പുന്നാരിച്ച് പുന്നാരിച്ച് മോളെ വഷളാക്കി എന്നേ എല്ലാവരും പറയുള്ളൂ. ഇത് അങ്ങിനെ വിട്ടാൽ പറ്റില്ല , ഇപ്പോഴേ അടക്കം കൊടുക്കണം. "
" എടീ നീയൊന്നടങ്ങ് , അവർ ട്യൂഷൻ കഴിഞ്ഞു വരട്ടെ , സാവകാശത്തിൽ ചോദിച്ചു മനസ്സിലാക്കാം , നീ ഇതിനേക്കുറിച്ചു ചോദിക്കാനൊന്നും പോകേണ്ട. "
അയാൾ ബാത്‌റൂമിൽ കയറി ഡോറടച്ചു.
പെട്ടെന്നു ദ്വേഷ്യം വരുന്ന കൂട്ടത്തിലാണു ഭാര്യ. അതുകൊണ്ടു തന്നെ അവളെ ഈ വക കാര്യങ്ങൾ ഏൽപിച്ചാൽ ശരിയാവില്ല. അവളോട് അങ്ങിനെയൊക്കെ പറഞ്ഞെങ്കിലും മനസ്സിൽ ചെറിയൊരു ഭയം ഉരുണ്ടു കൂടാൻ തുടങ്ങിയിരുന്നു. മോനാവട്ടെ, മോളാവട്ടെ, എന്തു കാര്യവും ചർച്ച ചെയ്യാറുള്ളതാണ് , എന്നിട്ടിപ്പോ ... മോൾ എന്തുക്കൊണ്ടാണ് ഇക്കാര്യം മറച്ചു വച്ചത് , ഇനി വല്ല പ്രേമവും....
രണ്ടു മക്കളൂം രണ്ടു മുറികകളിലായിട്ടാണ് പഠിപ്പും ഉറക്കവും , പത്താം ക്ലാസ്സുകാരനായ മോനും എട്ടാം ക്ലാസ്സുകാരിയായ മോളും ഒന്നിച്ചിരുന്നു പഠിക്കുന്ന കാലത്ത് എപ്പോഴും ചെറിയ കാര്യങ്ങൾക്കുവേണ്ടി തല്ലുകൂടുമായിരുന്നു. പിന്നെ അതു തീർപ്പാക്കാൻ ഞാനോ ഭാര്യയോ ഇടപെട്ടേ തീരൂ.
അവർ വന്നിട്ടുവേണം കാര്യങ്ങളൊക്കെ ചോദിച്ചു മനസ്സിലാക്കാൻ
ബാത്‌റൂമിൽ നിന്നും പുറത്തിറങ്ങിയപ്പോഴേക്കും മക്കൾ ട്യൂഷൻ കഴിഞ്ഞ് എത്തിയിരുന്നു. എങ്കിലും അവരെ തനിച്ചു കിട്ടാനായി അയാൾ ടി വി ക്കു മുൻപിൽ സമയം നീക്കി. മോൾടെ മുറിയിലേക്കു ചെല്ലുമ്പോൾ ഹോം വർക്കിൽ മുഴുകി ഇരിക്കുകയായിരുന്നു അവൾ , തൊട്ടടുത്ത കസേരയിലിരുന്നു കൊണ്ട് മേശപ്പുറത്തിരുന്ന പുസ്തകങ്ങൾ വെറുതെ മറിച്ചു നോക്കി. മോളാവട്ടെ ഇതൊന്നും തന്നെ ശ്രദ്ധിക്കാതെ എഴുത്തിൽ മാത്രമായിരുന്നു ശ്രദ്ധ. പെട്ടെന്ന് അവൾ എഴുത്തു നിർത്തി തലയുയർത്തി .
" ഡാഡീ ഞാൻ പറഞ്ഞ ഗ്ലാസ്സ് പെയിന്റ് വാങ്ങിയിരുന്നോ !....."
" ഓ സോറി മോളൂ , മറന്നു പോയി നാളെ എന്തായാലും വാങ്ങിക്കോണ്ടു വരാം "
അവൾ വീണ്ടും എഴുത്തിലേക്ക് തിരിഞ്ഞൂ.
" അതേ.... മോളൂ.... "
" എന്തേ ഡാഡീ.... "
അവൾ എഴുത്തു നിർത്തി തലയുയർത്തിയാണ് വിളി കേട്ടത്
" മോൾക്ക് ഈ ബ്രേസ്‌ലറ്റ് എവിടുന്നു കിട്ടി. "
പോക്കറ്റിൽ നിന്നും ബ്രേസ്‌ലറ്റ് എടുത്തു കാണിച്ചു കൊണ്ടുള്ള എന്റെ ചോദ്യം കേട്ട് അവൾ തല താഴ്ത്തിയിരുന്നു.
" എന്തു കാര്യവും ഞങ്ങളോട് തുറന്നു പറയാറുള്ള നീയെന്തേ ഈ കാര്യം ഒളിച്ചു വച്ചത്! , പറയൂ ഇതെവിടുന്നു കിട്ടി.
" അത്.... ഡാഡി.... ഞാൻ.... "
അവൾ പേനകൊണ്ട് പേപ്പറിൽ വെറുതെ കുത്തുക്കുറിച്ചിരുന്നു
" പറയൂ മോളെ മോൾക്കിതെവിടുന്നു കിട്ടി ? "
വളരെ മയത്തിലായിരുന്നു അയാളുടെ ചോദ്യം
" ഞാനത് ചേട്ടന്റെ ബാഗിൽ നിന്നും എടുത്തതാണ്. "
" ചോദിച്ചിട്ടാണോ മോളിത് എടുത്തത്. "
ചോദ്യം ഇത്തിരി ഗൗരവത്തിലായിപ്പോയെന്നു അയാൾക്കു തോന്നി
" ഇല്ല ചോദിച്ചിട്ടില്ല... ചോദിച്ചാൽ തരില്ലെന്നറിയാം. അതു കൊണ്ടാ... ഞാൻ.... "
അവളിപ്പോൾ കരയുമെന്ന് അയാൾക്ക് തോന്നി, അതിനാൽ അവളുടെ അടുത്തേക്ക് നീങ്ങിയുരുന്ന് മുടികളിൽ മെല്ലെ തഴുകി
" അതു ശരി , അപ്പോൾ ചോദിക്കാതെയാണ് എടുത്തത് , അങ്ങിനെ എടുക്കുന്നത് കളവല്ലേ? ആരുടേയും ഒന്നും തന്നെ ചോദിക്കാതെ എടുക്കരുതെന്നു പറഞ്ഞിട്ടില്ലേ , മേലിൽ ഇത് ആവർത്തിക്കരുത് , ഇത് ഇപ്പോൾ തന്നെ ചേട്ടനു കൊടുത്തിട്ട് സോറി പറഞ്ഞിട്ടു വരൂ...."
ബ്രേസ്‌ലറ്റും വാങ്ങി താഴ്ത്തി പിടിച്ച മുഖവുമായി അവൾ ചേട്ടന്റെ മുറിയിലേക്ക് പോയപ്പോൾ തെല്ലൊരാശ്വാസത്തോടെ കസേരയിലേക്ക് ചാരിയിരിക്കുകയായിരുന്നു അയാൾ.
വീർപ്പിച്ച മുഖവുമായിട്ടായിരുന്നു അവൾ തിരിച്ചു വന്നത് , വന്നിരുന്ന പാടെ തല താഴ്ത്തി വച്ച് എഴുത്തും തുടങ്ങി.
" ങും.... എന്തു പറ്റി , ചേട്ടനെന്തു പറഞ്ഞു ? "
" കള്ളീന്നു വിളിച്ച് കളിയാക്കി "
" മോളതു കാര്യമാക്കേണ്ട , ഡാഡി അവനോട് സംസാരിക്കാം , മോളിപ്പോൾ പഠിപ്പിൽ മാത്രം ശ്രദ്ധിച്ചാൽ മതി , ആനുവൽ എക്സാം അടുത്തതല്ലേ... "
അവളുടെ മുടികളിൽ തഴുകിയിട്ട് മുറിയിൽ നിന്നും ഇറങ്ങി നേരെ അടുക്കളയിലേക്ക് നടന്നു അയാൾ. നടന്ന കാര്യങ്ങളൊക്കെ ഭാര്യയെ പറഞ്ഞു മനസ്സിലാക്കിയപ്പോൾ അവൾക്കും
ആശ്വാസമായി.
" അതു പിന്നെ അവളെന്റെ മോളല്ലേ , അത്തരം ചീത്ത കൂട്ടുകെട്ടിലൊന്നും അവൾ ചെന്നു ചാടില്ല , പിന്നെ.. നിങ്ങൾ മോനോടൊന്നു ചോദിച്ചേ അവനിത് എവിടുന്നു കിട്ടിയെന്ന്!...."
" നീയൊന്നു ക്ഷമിക്കെടീ... അതും കൂടി ഞാൻ ചോദിച്ചറിഞ്ഞോളാം "
കറിക്കരിഞ്ഞു വച്ച കാരറ്റിൽ ഒരു കഷണം വായിലേക്കിട്ടുകൊണ്ടയാൾ അടുക്കളയിൽ നിന്നും പുറത്തേക്കിറങ്ങുമ്പോൾ മോൻ ടി വിക്കു മുൻപിൽ ഇരിക്കുകയായിരുന്നു. ഇത്തിരി ഗൗരവം ഭാവിച്ചാണ് ചോദിച്ചത്.
" നിന്റെ പഠിത്തം ഇത്ര വേഗം കഴിഞ്ഞോ? "
ടി വി യിൽ നിന്നും കണ്ണെടുക്കാതെ അവന്റെ മറുപടിയും വന്നു
" ങാ...ഇന്നത്തെ പഠിത്തം കഴിഞ്ഞു ട്യൂഷൻ ടീച്ചർ ടെസ്റ്റ് നടത്തിയപ്പോൾ എല്ലാം ശരിയായിരുന്നു. "
ചാനലുകൾ മാറ്റുന്നതിലായിരുന്നു അവന്റെ ശ്രദ്ധ , ഒന്നിലും അധിക നേരം നിൽക്കില്ല.അതിങ്ങിനെ മാറ്റിക്കൊണ്ടേയിരിക്കും.
പേപ്പറുമെടുത്ത് അവനരികിൽ സോഫയിൽ ചെന്നിരുന്നുകൊണ്ട് മെല്ലെ വിളിച്ചു.
" മോനു.... "
" എന്തേ ഡാഡി.... "
വിളീ കേൾക്കുമ്പോഴും അവന്റെ ശ്രദ്ധ മുഴുവനും ടി വി യിലാണ്, എങ്കിലും അയാൾ തുടർന്നു
" സാധാരണ എന്തു കാര്യവും തുറന്നു പറയാറുള്ള നീ ഈയിടെയായി പലതും ഞങ്ങളിൽ നിന്നും ഒളിക്കുന്നുണ്ട് അല്ലേ !...."
" ഇല്ല ഡാഡി ഞാനൊന്നും ഒളിച്ചു വച്ചിട്ടില്ലല്ലോ !.... "
അവൻ അശ്രദ്ധമായിട്ടാണ് മറുപടി പറഞ്ഞത്
" ഇല്ലേ.... പിന്നെന്തേ ആ ബ്രേസ്‌ലറ്റിന്റെ കാര്യം ഞങ്ങളോട് പറയാതിരുന്നത്! "
അയാൾ അവന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു.
" ഓ... അതോ... അതത്രയ്ക്ക് സീരിയസ് മേറ്റർ ഒന്നുമല്ല ഡാഡി. "
അവന്റെ ശ്രദ്ധ മുഴുവൻ ടി വി യിലെ കോമഡി സീനിലാണ്
" എന്നാലും പറയൂ... എവിടുന്നു കിട്ടി? ആരെങ്കിലും തന്നതാണോ? "
ഇത്തിരി ഗൗരവത്തിലാണ് ചോദിച്ചതെങ്കിലും വളരെ ലാഘവത്തോടെയായിരുന്നു അവന്റെ മറുപടി.
" അത് എനിക്കു തന്നതല്ല. "
" പിന്നെ!.... "
അയാൾക്ക് അറിയാനുള്ള ആകാംക്ഷ ഏറിവരികയാണ്. ടി വിയിൽ നിന്നും ശ്രദ്ധ മാറ്റി അവൻ അയാളുടെ മുഖത്തേക്ക് നോക്കി തുടർന്നു.
" നമ്മുടെ എതിർവശത്തുള്ള ഫ്ലാറ്റിലെ കുട്ടിയില്ലേ.. "
മോന്റെ കയ്യിലിരുന്ന റിമോട്ട് പതുക്കെ വാങ്ങിയിട്ട് ഒട്ടും ആകാംക്ഷ കാണിക്കാതെ മെല്ലെ ചോദിച്ചു
" ആര് ! മോളോടൊപ്പം പഠിക്കുന്ന കുട്ടിയോ!.... "
" ങാ... അവൾക്കു കൊടുക്കാൻ വേണ്ടി എന്റെ ക്ലാസ്സിലെ ഫ്രണ്ട് തന്നതാണ് "
" ആഹാ... കൊള്ളാമല്ലോ.. അപ്പോൾ നിനക്കു പോസ്റ്റുമാന്റെ ഡ്യൂട്ടിയാണല്ലേ!... ആട്ടെ... എന്നിട്ട് നീയിതെന്തേ അവൾക്കു കോടുക്കാതിരുന്നത് ? "
" അതു പിന്നെ എനിക്കു തീരെ ഇഷ്ടമല്ലാത്തൊരു കാര്യം അവനെന്നെ നിർബന്ധിച്ച് ഏൽപിക്കുകയായിരുന്നു , അവനെ പിണക്കാൻ വയ്യാത്തതിനാൽ ഞാൻ വാങ്ങി വയ്ക്കുകയായിരുന്നു , പക്ഷേ, എനിക്കു വയ്യ ഡാഡി അവൾക്ക് ഇങ്ങിനെയൊരു സമ്മനം കൊടുക്കാൻ , ഞാനിത് അവനു തന്നെ തിരിച്ചു കൊടുക്കാനിരുന്നതായിരുന്നു , അപ്പോഴാണ് ഇവളിത് കട്ടെടുത്തത്, നാളെ എന്തായാലും ഞാനിതവനു തിരിച്ചു കൊടുക്കും. "
ദൃഡനിശ്ചയത്തോടെയുള്ള മോന്റെ വാക്കുകൾ കേട്ടപ്പോൾ അയാൾക്കൊരു സംശയം
" മോനു... ഒന്നു ചോദിക്കട്ടെ നിനക്കവളോടെന്തെങ്കിലും !..... "
" ഏയ്.. ഇല്ല ഡാഡി.. ഒന്നുമില്ല."
അവൻ എഴുന്നേറ്റ് അവന്റെ മുറിയിലേക്ക് പോയി
ഒരു പത്താം ക്ലാസ്സുകാരന്റെ മുഖത്തുണ്ടായ ഭാവ മാറ്റം ഒരു കണ്ണാടിയിലെന്ന പോലെ ദർശിക്കുകയായിരുന്നു അയാൾ. വർഷങ്ങൾക്കു മുൻപ് ഒരു പത്താം ക്ലാസ്സു കാരനും എട്ടാം ക്ലാസ്സുകാരിയും സ്നേഹം കൈമാറിയപ്പോഴുണ്ടായ മുഖത്തെ ഭാവ മാറ്റങ്ങൾ ,
അതെ... അതു തന്നെ... , അയാളുടേയും ഭാര്യയുടേയും മുഖ ഭാവങ്ങളല്ലേ അവന്റെ
മുഖത്ത് മിന്നി മറഞ്ഞത്.